0
2014 N.H.Rights Day
മനുഷ്യാവകാശങ്ങള്‍ ഭാവി തലമുറയുടേതുകൂടി : മന്ത്രി കെ.എം.മാണി
| |
മനുഷ്യാവകാശങ്ങള്‍ ഭാവി തലമുറയുടേതുകൂടിയാണെന്ന ബോധ്യം ഉണ്ടാകണമെന്ന് ധന-നിയമ മന്ത്രി കെ.എം.മാണി.സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം വിജെടി ഹാളില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതി വിഭവങ്ങളുടെ നശീകരണവും അവയുടെ മലനീകരണവും വരും തലമുറയോടു കാട്ടുന്ന ക്രൂരതയും കടുത്ത മനുഷ്യാവകാശ ലംഘനവുമാണ്. ഇക്കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് അറിവു നല്‍കണം.മനുഷ്യാവകാശങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതോടൊപ്പം കുട്ടികളെ പഠിപ്പിക്കുകയും വേണം. മനുഷ്യാവകാശം പാഠ്യ വിഷയമായി മാറ്റണമെന്നാണ് തന്റെ അഭിപ്രായമെന്നും ധനമന്ത്രി പറഞ്ഞു. വ്യക്തിമാഹാത്മ്യത്തെക്കുറിച്ച് കുട്ടികള്‍ക്ക് അറിവു പകര്‍ന്നു നല്‍കണം. വ്യക്തിമാഹാത്മ്യം ഉയര്‍ത്തിപ്പിടിക്കുകയും വ്യക്തിത്വം ആദരിക്കപ്പെടുകയും വേണം. ഇതിനെ അനാദരിക്കുകയെന്നത് നീതിയുടെയും മനുഷ്യാവകാശത്തിന്റെയും ലംഘനമാണ്. എല്ലാ രംഗങ്ങളിലും മിക്കപ്പോഴും നീതി നിഷേധിക്കപ്പെടുന്നുണ്ട്. ഇതു മനുഷ്യാവകാശങ്ങള്‍ക്കൊപ്പം പൗരാവകാശങ്ങളുടെയും ലംഘനമാണ്.ഇത്തരം പ്രവര്‍ത്തനങ്ങളെ ജാഗ്രതയോടെ കാണണം. മനുഷ്യാവകാശങ്ങള്‍ പരിരക്ഷിക്കുക എന്നത് ജനാധിപത്യത്തിന്റെ ചൈതന്യമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ-സാമ്പത്തിക സ്വാധീനങ്ങള്‍ ഇല്ലാത്തവര്‍ക്ക് അവകാശങ്ങള്‍ നേടിയെടുക്കാന്‍ പ്രയാസമാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് ജെ.ബി.കോശി പറഞ്ഞു. ഓരോ പൗരനും മറ്റുള്ളവരുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നവനായി മാറണം.അഴിമതി ഇല്ലാതാക്കാനുള്ള പരിശ്രമങ്ങള്‍ ഉണ്ടാകണം. പോലീസ് മനുഷ്യാവകാശങ്ങളുടെ സംരക്ഷകരായി മാറണമെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ പോകാന്‍ നിവൃത്തിയോ സാമ്പത്തിക ശേഷിയോ ഇല്ലാത്തവരാണ് മനുഷ്യാവകാശ കമ്മീഷനെ നീതിക്കായി സമീപിക്കുന്നവരില്‍ കൂടുതലുമെന്ന് ജസ്റ്റിസ് ജെ.ബി.കോശി പറഞ്ഞു. മുന്നംഗ കമ്മീഷനില്‍ താനും ഒരു കമ്മീഷനംഗവുമുള്‍പ്പെടെ നിലവില്‍ രണ്ടു പേര്‍ മാത്രമേയുള്ളു. 14000-ത്തോളം കേസുകളാണ് കമ്മീഷനു മുന്നില്‍ കെട്ടിക്കിടക്കുന്നത്.ഇതു പരിഹരിക്കാന്‍ കൂടുതല്‍ ജീവനക്കാരുടെ സേവനം ആവശ്യമാണ്. കേസുകള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ പരാതിക്കാര്‍ക്ക് നീതി ലഭ്യമാക്കാന്‍ സാധിക്കുകയുള്ളുവെന്നും കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ കമ്മീഷനംഗം ആര്‍.നടരാജന്‍, നിയമ വകുപ്പു സെക്രട്ടറി രാമരാജ പ്രേമ പ്രസാദ്, ഡിജിപി ഡോ.അലക്‌സാണ്ടര്‍ ജേക്കബ്ബ്, ഡിഐജി ശ്രീജിത്, കമ്മീഷന്‍ സെക്രട്ടറി സി.കെ.പത്മാകരന്‍ മുതലായവര്‍ പ്രസംഗിച്ചു.
|